സ്വന്തം കരുത്തില്‍ യു ഡി എഫിനു പൂര്‍ണവിശ്വാസം: മുഖ്യമന്ത്രി

എതിരാളികളുടെ ശക്തിയിലോ ബലഹീനതകളിലോ അല്ല, കോണ്‍ഗ്രസിന്റേയും യു ഡി എഫിന്റേയും ശക്തിയിലാണ് പൂര്‍ണവിശ്വാസമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസും യു ഡി എഫ് ഘടകകക്ഷികളും എപ്പോഴൊക്കെ അഭിപ്രായവ്യത്യാസങ്ങളില്ലാതെ ഒറ്റക്കെട്ടായി മല്‍സരിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ വന്‍വിജയവും സംഭവിച്ചിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പിലെ യു ഡി എഫിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം കോണ്‍ഗ്രസിലേയും മുന്നണിയിലേയും ഐക്യവും ജനങ്ങള്‍ ഈ മുന്നണിയില്‍ അര്‍പ്പിച്ചിട്ടുള്ള വിശ്വാസവുമാണെന്ന് കണ്ണൂര്‍ പ്രസ്‌ക്ലബ്ബിന്റെ തെരഞ്ഞെടുപ്പു പരിപാടിയായ ‘മുന്‍വാക്കില്‍’ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
വി എസിനേയും പിണറായി വിജയനേയും ഒരേ സമയം രംഗത്തിറക്കി ശക്തമായ മല്‍സരം ഇടതുമുന്നണി കാഴ്ചവെക്കുന്നതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
യു ഡി എഫ് ഇത്തവണ സീറ്റു വിഭജനവും സ്ഥാനാര്‍ത്ഥി നിര്‍ണയവും കാലേക്കൂട്ടി പൂര്‍ത്തിയാക്കി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിനു മുമ്പു തന്നെ പ്രചാരണരംഗത്ത് സജീവമായിരിക്കുകയാണ്. തികഞ്ഞ ആത്മവിശ്വാസം ഈ തെരഞ്ഞെടുപ്പില്‍ യു ഡി എഫിനുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷം ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തന്നെയാണ് ആത്മവിശ്വാസത്തിന്റെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഞ്ചു വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും യാതൊരു വിധ അഭിപ്രായവ്യത്യാസവും യു ഡി എഫ് മന്ത്രിസഭയിലുണ്ടായിട്ടില്ല. തികഞ്ഞ ഐക്യമാണ് യു ഡി എഫിലും പാര്‍ട്ടിയിലുമുണ്ടായത്. ഒരിക്കല്‍ പോലും മുഖ്യമന്ത്രി മന്ത്രിമാര്‍ക്കെതിരായും മന്ത്രിമാര്‍ മുഖ്യമന്ത്രിക്കെതിരായും ആരോപണമുന്നയിച്ചിട്ടില്ല. എല്ലാ കാര്യങ്ങളും കൂട്ടായ ചര്‍ച്ചയിലൂടെയാണ് നടപ്പിലാക്കിയത്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഈ സര്‍ക്കാര്‍ ആറു മാസം പൂര്‍ത്തിയാക്കില്ലെന്ന് പറഞ്ഞവരുണ്ട്. അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്ന അവസരത്തില്‍ ഭരണത്തുടര്‍ച്ചയെ സംബന്ധിച്ച ചര്‍ച്ചയാണ് സംസ്ഥാനത്തു നടക്കുന്നത്. ഇതിനു പിന്നിലെ ശക്തമായ ഘടകം യു ഡി എഫിന്റെ ജനപിന്തുണയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വികസനവും കരുതലുമെന്ന മുദ്രാവാക്യമാണ് യു ഡി എഫ് കഴിഞ്ഞ തവണ മുന്നോട്ടു വെച്ചത്. രണ്ടും പൂര്‍ണമായി പാലിക്കാന്‍ സാധിച്ചുവെന്ന ചാരിതാര്‍ത്ഥ്യം യു ഡി എഫിനുണ്ട്. കരുതലിന്റെ പേരില്‍ കോടിക്കണക്കിനു രൂപയുടെ സഹായം പാവപ്പെട്ടവര്‍
ക്കെത്തിക്കാന്‍ സാധിച്ചു. ലക്ഷ്യമിട്ട എല്ലാ പരിപാടികളും പൂര്‍ത്തിയാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നു മാത്രം 798 കോടി രൂപയുടെ സഹായമാണ് നല്‍കിയത്. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് 120 കോടി രൂപ മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കിയതെന്ന് ഓര്‍ക്കണം.
യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനയത്തെ ഇരുകൈകളും നീട്ടി കേരളത്തിലെ വീട്ടമ്മമാര്‍ സ്വീകരിച്ചു. മദ്യലഭ്യത കുറച്ചു കൊണ്ടുള്ള യു ഡി എഫ് സര്‍ക്കാരിന്റെ മദ്യനയത്തിന് പൊതു സ്വീകാര്യത ലഭിച്ചിരിക്കുകയാണ്. ഒറ്റയടിക്ക് മദ്യം നിരോധിച്ച ബീഹാറില്‍ മദ്യപാനികള്‍ മറ്റു വഴികള്‍ തേടി ദുരന്തങ്ങള്‍ സംഭവിച്ച സാഹചര്യം മനസിലാക്കണം. യു ഡി എഫ് സര്‍ാരിന്റേതാണ് പ്രായോഗികമായ സമീപനം. ഘട്ടം ഘട്ടമായി മാത്രമേ മദ്യനിരോധനത്തിലേക്ക് നീങ്ങാന്‍ സാധിക്കുകയുള്ളൂ. ഇടതുപക്ഷം മദ്യവര്‍ജ്ജനത്തെ കുറിച്ചാണ് പറയുന്നത്. മദ്യവര്‍ജ്ജനമെന്നത് ഒരു നയമല്ല, ഉപദേശം മാത്രമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മദ്യത്തിന്റെ ഉല്‍പ്പാദനം, വിതരണം, നികുതി എന്നിവയിലാണ് ഗവണ്‍മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അല്ലാതെ ഉപദേശിച്ചതു കൊണ്ടു മാത്രം കാര്യമില്ല.
ബി ജെ പിയുമായി യു ഡി എഫ് രഹസ്യധാരണയെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം പരാജയം മുന്‍കൂട്ടി സമ്മതിക്കുന്നതിനു തുല്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.ബി ജെ പിയുമായി ഇന്നേ വരെ സഖ്യത്തിലേര്‍പ്പെടാത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ കുറിച്ച് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്ന കോടിയേരി ബാലകൃഷ്ണന്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി പല കാലങ്ങളില്‍ ബി ജെ പിയുമായി ഉണ്ടാക്കിയ ധാരണകള്‍ മറന്നു പോയതാണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
1977 ല്‍ അടിയന്തിരാവസ്ഥ പിന്‍വലിച്ച് ഇന്ദിരാഗാന്ധി രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ അടിയന്തിരാവസ്ഥയെ എതിര്‍ക്കാനെന്ന പേരില്‍ ജനസംഘവുമായി കൂട്ടുകൂടി ബി ജെ പി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ടവരാണ് സി പി എമ്മുകാര്‍. 1989ല്‍ ഇല്ലാത്ത ബോഫോഴ്‌സ് അഴിമതി ആരോപണത്തിന്റെ പേരില്‍ രാജീവ്ഗാന്ധിക്കെതിരേ ബി ജെ പിയും സി പി എമ്മും തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. വി പി സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സി പി എം- ബി ജെ പി നേതാക്കള്‍ ആഴ്ച തോറും അത്താഴവിരുന്നുണ്ട് കാര്യങ്ങള്‍ തീരുമാനിച്ചതൊക്കെ ജനം മറന്നിട്ടില്ല. ഏറ്റവുമൊടുവില്‍ ബി ജെ പിയെ ചെറുക്കാന്‍ നിതീ്കുമാറും ലാലുപ്രസാദ് യാദവും കോണ്‍ഗ്രസും ചേര്‍ന്ന് മഹാസഖ്യമുണ്ടാക്കിയപ്പോള്‍ അതില്‍ ചേരാതെ ഒറ്റയ്ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മതേതര വോട്ടുകള്‍ വിഘടിപ്പിച്ച് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ സഹായിക്കാന്‍ സി പി എം നടത്തിയ ശ്രമവും ജനം മറന്നിട്ടില്ല. ബി ജെ പിയെ ഇത്തരത്തില്‍ പ്രത്യക്ഷത്തില്‍ സഹായിച്ചവരാണ് ദേശീയതലത്തില്‍ ബി ജെ പിയെ ശക്തമായി ചെറുക്കുന്ന കോണ്‍ഗ്രസിനെതിരേ ദുരാരോപണങ്ങളുന്നയിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പരിപാടിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ദിനങ്ങള്‍ വെട്ടിക്കുറച്ചും വേതനം തടഞ്ഞുവെച്ചും കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാര്‍ കേരളത്തെ പരീക്ഷിക്കുകയാണ്. റബര്‍ കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടികളാവിഷ്‌കരിച്ചപ്പോള്‍ കേന്ദ്രം തികച്ചും നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്. റബര്‍ ബോര്‍ഡിനെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. റബര്‍ ബോര്‍ഡിന്റെ 26 റീജ്യണല്‍ ഓഫീസുകളും 160 ഫീല്‍ഡ് സ്റ്റേഷനുകളും പൂട്ടാനുള്ള നീക്കമാണ് നടക്കുന്നത്. ജീവനക്കാര്‍ക്ക് യാത്രപ്പടിയടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിച്ച് ബോര്‍ഡിന്റെ പ്രവര്‍ത്തനം പൂര്‍ണമായി സ്തംഭിപ്പിക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സി പി എമ്മിന്റെ നിഷേധാത്മകസമീപനത്തിനെതിരേയും ബി ജെ പിയുടെ വര്‍ഗീയ-വിഭാഗീയനയങ്ങള്‍ക്കെതിരേയും പോരാടാന്‍ കോണ്‍ഗ്രസിനും യു ഡി എഫിനും മാത്രമേ സാധിക്കുകയുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിപക്ഷനേചാവ് വി എസ് അച്യുതാനന്ദന്‍ സോഷ്യല്‍മീഡിയയില്‍ സജീവമായതിനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന് ഇപ്പോഴെങ്കിലും അതു തോന്നിയത് നന്നായെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കമ്പ്യൂട്ടറിനെ എതിര്‍ക്കുകയും തല്ലിത്തകര്‍ക്കുകയും ചെയ്ത ആളുകള്‍ ഇന്ന് അവരുടെ ഓഫീസുകളില്‍ കമ്പ്യുട്ടൂര്‍ ഉപയോഗിക്കുന്നതും ലാപ്‌ടോപ്പും മൊബൈലും കൊണ്ടു നടക്കുന്നതും നല്ലതാണ്. പക്ഷേ ഈ ബുദ്ധി കുറച്ചു നേരത്തേ തോന്നിയിരുന്നെങ്കില്‍ കേരളത്തിലെ യുവാക്കള്‍ക്ക് കര്‍ണാടകയിലേയും ചെന്നൈയിലേയും ഐ ടി കമ്പനികളില്‍ ജോലി തേടിപ്പോകേണ്ട അവസ്ഥ വരില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐ ടി രംഗത്ത് കര്‍ണാടകയാണ് ഇന്ന് ഒന്നാം സ്ഥാനത്തുള്ളത്. കേരളത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഐ ടി രംഗത്ത് അഞ്ചിരട്ടി വളര്‍ച്ചയാണ് കേരളം കൈവരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തുടര്‍ഭരണമുണ്ടാവുകയാണെങ്കില്‍ അത് പാര്‍ട്ടിയുടേയും മുന്നണിയുടേയും നേട്ടമായിരിക്കുമെന്ന് മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു. അഞ്ചു വര്‍ഷത്തെ യു ഡി എഫ് ഭരണത്തിന്റെ വിലയിരുത്തലാകുമോ തെരഞ്ഞെടുപ്പു ഫലമെന്ന ചോദ്യത്തിന് അക്കാര്യത്തില്‍ സംശയമേ വേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more