വി.എസിനെതിരെ രോഷത്തോടെ പിണറായി

വോട്ടെടുപ്പ് വരെ സഹിക്കൂ, അതുകഴിഞ്ഞാല്‍ എല്ലാം ശരിയാക്കാം. ഇന്നലെ പിണറായി വിജയന്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഉപദേശമാണിത്. പൂഞ്ഞാറില്‍ പി.സി ജോര്‍ജ്ജിനെ പ്രോത്സാഹിപ്പിക്കും വിധത്തില്‍ സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍ നടത്തിയ പ്രസംഗത്തില്‍ അരിശം പൂണ്ട് കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പിണറായിയെ ബന്ധപ്പെട്ടുവെന്നാണ് അറിയുന്നത്.
ഇപ്പോഴത്തെ അവസ്ഥയില്‍ അച്യുതാനന്ദനെ പോലെയുള്ള കവലപ്രസംഗകനെ പാര്‍ട്ടിക്ക് തള്ളാനാവില്ല. തരംതാണ പ്രചരണത്തിലൂടെയായാലും യു ഡി എഫ് നേതാക്കള്‍ക്കെതിരെ അതുമിതും വിളിച്ചുപറയാന്‍ ഉളുപ്പില്ലാത്തയാള്‍ അച്യുതാനന്ദനാണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ പിണറായി ഉപദേശിച്ചു. വിഎസ് ഉണ്ടാക്കുന്ന തലവേദന നിസ്സാരമല്ല. എന്നാല്‍ നമുക്ക് പറ്റാത്തത് മറ്റയാള്‍ ചെയ്യുന്നുണ്ടെന്നാണ് പിണറായി ഓര്‍മ്മിപ്പിക്കുന്നത്. അച്യുതാനന്ദന്റെ പ്രസംഗം സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരായ വെല്ലുവിളിതന്നെയാണ്. വിഎസ് പാര്‍ട്ടി വിരുദ്ധനാണെന്ന ആലപ്പുഴ സമ്മേളന പ്രമേയം മാറ്റിയിട്ടില്ലെന്ന പിണറായി വിജയന്റെ നിലപാട് ശരിവച്ചിരിക്കുന്നു. സ്വന്തം കാര്യം നോക്കാന്‍ മാത്രമാണ് ഈ തെരഞ്ഞെടുപ്പ് വി എസ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാകുന്നു. അതിനായി ഏറ്റവും തരംതാഴ്ന്ന രീതിയില്‍ പ്രചരണം നടത്തുന്ന വ്യക്തിയായി കേരളത്തില്‍ അച്യുതാനന്ദന്‍ മാറിയിരിക്കുന്നു.
പിണറായി വിജയനല്ല വിഎസ് അച്യുതാനന്ദനാണ് മുഖ്യമന്ത്രിയാകേണ്ടതെന്നും അങ്ങനെ വന്നാല്‍ താന്‍ വിഎസിനൊപ്പമായിരിക്കുമെന്നും തെരഞ്ഞെടുപ്പിനുമുമ്പ് പി.സി ജോര്‍ജ്ജ് പ്രസ്താവിച്ചിരുന്നു. എല്‍ഡിഎഫ് ജയിക്കുമെന്നും അപ്പോള്‍ തനിക്ക് മുഖ്യമന്ത്രായാകാമെന്നും ആ സമയത്ത് പിസി ജോര്‍ജ്ജിനെപോലെയുള്ളവരുടെ പിന്തുണ കിട്ടണമെന്നുമുള്ള ആര്‍ത്തിയാണ് 92കാരനായ അച്യുതാനന്ദനെകൊണ്ട് സ്വന്തം മുന്നണിസ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാനുള്ള പരോക്ഷ ആഹ്വാനത്തിന് പ്രേരിപ്പിച്ചത്. പൂഞ്ഞാറിലെ സിപിഎം മുന്നണി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട സ്ഥിതിക്ക് പിസി ജോര്‍ജ്ജിനെ തോല്‍പ്പിക്കണമെന്ന് പറയാത്തതില്‍ കഴമ്പില്ലെന്ന് വാദിക്കാം. എന്നാല്‍ പി.സി ജോര്‍ജ്ജിനെതിരെ അതിരൂക്ഷമായ ഭാഷയില്‍ രണ്ട് ദിവസം മുമ്പ് പിണറായി വിജയന്‍ പ്രസംഗിച്ചിരുന്നു.
പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജിനെ സഹായിക്കാന്‍ വിഎസ് ഗ്രൂപ്പുണ്ട്. ഇക്കാര്യം മനസ്സിലാക്കിയ പിണറായി വിജയന്‍ അവിടെയെത്തി താക്കീത് നല്‍കിയിരുന്നു. പാര്‍ട്ടി അംഗീകരിച്ച സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചാല്‍ വിവരമറിയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അച് പുല്ലാണെന്ന് വെളിപ്പെടുത്താനാണ് വി എസ് പൂഞ്ഞാറിലേക്ക് പോയത്. രണ്ടുമിനിറ്റ് തികച്ച് പ്രസംഗിച്ചില്ല. താന്‍ പി സിക്കൊപ്പമാണെന്ന് ബോധ്യപ്പെടുത്തണമെന്ന് അച്യുതാനന്ദന് ആഗ്രഹമുണ്ടായിരുന്നു. അത് നിര്‍വ്വഹിച്ചു. പിണറായിയുടെ നമ്പര്‍ വണ്‍ ശത്രുവാണ് പിസി ജോര്‍ജ്ജ്. അതറിഞ്ഞാണ് വി.എസ് ചെന്ന് തലോടിയത്. പാര്‍ട്ടി വിരുദ്ധനെന്ന പാര്‍ട്ടി നിലപാട് തിരുത്താന്‍ സംസ്ഥാന കമ്മിറ്റി തയ്യാറല്ല. അതിലുള്ള വിദ്വേഷം കൂടി മനസ്സില്‍വെച്ചാണ് വിഎസ് പാര്‍ട്ടി വിരുദ്ധ നടപടി തുടരുന്നത്. പൂഞ്ഞാറില്‍ സിപിഎമ്മിലെ ഒരുവിഭാഗം പി.സി ജോര്‍ജ്ജിന് വോട്ട് ചെയ്യുമെന്ന് അച്യുതാന്ദന്‍ കരുതുന്നു.
പൂഞ്ഞാറിലെ പിണറായിയുടെ പ്രസംഗത്തെ പരസ്യമായി തള്ളിപ്പറയുകയാണ് സിപിഎം കേന്ദ്ര കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് വിഎസ് അച്യുതാനന്ദന്‍ ചെയ്തത്. ഇതോടെ പിസി ജോര്‍ജ്ജാണ് പിണറായി അല്ല തനിക്ക് പ്രിയപ്പെട്ടവനെന്ന് വിഎസ് തെളിയിച്ചിരിക്കുന്നു. പാര്‍ട്ടിക്കാരെ ഇതുപോലെവഞ്ചിക്കുന്ന നേതാവ് വിഎസിനെ പോലെ അടുത്തകാലത്തുണ്ടായിട്ടില്ല. 2006 ല്‍ പിണറായിയെ ഒതുക്കാന്‍ പി.സി ജോര്‍ജ്ജിന്റെ സഹായം വിഎസ് തേടിയിരുന്നു. എന്നാല്‍ വിഎസ് വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് തോന്നിയതിനാലാണ് ചേരിമാറി യുഡിഎഫിലേക്ക് വന്നത്. പിസി ജോര്‍ജ്ജും അച്യുതാനന്ദനും സ്വന്തം കാര്യത്തില്‍ മാത്രം വിശ്വസിക്കുന്നവരാണെന്ന് പലവട്ടം തെളിയിച്ചിട്ടുണ്ട്. അതാണ് അവരെ തമ്മില്‍ യോജിപ്പിക്കുന്നതും.

Courtesy : Veekshanam

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more