വിദേശ കറക്കം അവസാനിപ്പിച്ച് മോദി കേരളത്തിലെ ഗ്രാമങ്ങളിലിറങ്ങണം: ഗുലാംനബി ആസാദ്‌

കേരളത്തിലെ ജനങ്ങളെ സോമാലിയക്കാരോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ കറക്കം അവസാനിപ്പിച്ച് കേരളത്തിലെ ഗ്രാമത്തിലിറങ്ങണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് പറഞ്ഞു.
നൂറ് ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. പാവപ്പെട്ടവര്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും നല്‍കി അവരെ ഉന്നതിയിലെത്തിച്ചിട്ടുണ്ട്. ആരുടെയോ വാക്ക് കേട്ട് കാര്യങ്ങള്‍ മനസിലാക്കാതെ മോദി മലയാളികളെ അപമാനിക്കുകയായിരുന്നു. ഭരണത്തിലേറി രണ്ട് വര്‍ഷത്തിനുള്ളില്‍ ലോകരാജ്യങ്ങള്‍ മുഴുവന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി എപ്പോഴെങ്കിലും ഇന്ത്യയിലെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കണമായിരുന്നു. ഗ്രാമീണ ജനജീവിതം അറിയാത്ത പ്രധാനമന്ത്രി എങ്ങിനെയാണ് കേരളത്തിലെ ജനങ്ങളെ സോമാലിയക്കാരോട് ഉപമിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
വികസന കാര്യത്തില്‍ മറ്റേതൊരു സംസ്ഥാനത്തെക്കാളും മുന്‍പന്തിയിലാണ് കേരളം. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും രണ്ടില്‍ കൂടുതല്‍ അന്താരാഷ്ട്ര നിലവാരമുള്ള വിമാനത്താവളങ്ങളില്ല. എന്നാല്‍ കേരളത്തിലിപ്പോള്‍ തന്നെ മൂന്നെണ്ണം പ്രവര്‍ത്തനസജ്ജമാണ്. നാലാമത്തെ വിമാനത്താവളം കണ്ണൂരില്‍ പൂര്‍ത്തിയാകുന്നു. സംസ്ഥാനത്ത് വികസനം ഇല്ലെങ്കില്‍ പിന്നെയെന്തിനാണ് നാല് വിമാനത്താവളം.
എല്ലാവര്‍ക്കും ക്ഷേമകരമായ സാഹചര്യമുണ്ടാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് സാധിച്ചിട്ടുണ്ടെന്നും ഗുലാംനബി ആസാദ് പറഞ്ഞു.
സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് ഒട്ടേറെ നേതാക്കളെ സംഭാവന ചെയ്ത ജില്ലയാണ് കണ്ണൂര്‍. മഹാത്മഗാന്ധിജിയും ജവഹര്‍ലാല്‍ നെഹറുവും സ്വാതന്ത്ര്യ സമര ചരിത്ര പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത ജില്ല ഇന്ന് വയലന്‍സ് ജില്ലയായി മാറിയിരിക്കുന്നു. സി പി എമ്മും ബി ജെ പിയുമാണ് കണ്ണൂരിനെ അക്രമ ജില്ലയാക്കി മാറ്റിയത്. അക്രമങ്ങള്‍ വരുമ്പോള്‍ ഇവിടെ വികസനം ഉണ്ടാകില്ല. ഞാന്‍ കേന്ദ്രമന്ത്രിയായിരിക്കുമ്പോള്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിച്ചപ്പോഴൊക്കെ ബോധ്യമായത് അക്രമങ്ങളും കലാപങ്ങളും ഉണ്ടാകുന്ന സ്ഥലങ്ങളില്‍ വികസനം ഉണ്ടാകില്ലെന്നാണ്.
കാശ്മീര്‍ ടൂറിസം മേഖലയിലെ പ്രധാന സംസ്ഥാനമായിരുന്നു. എന്നാല്‍ അവിടെ അക്രമങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ടൂറിസം മേഖല തകര്‍ന്നു. അതുപോലെ കണ്ണൂര്‍ ജില്ലയിലും അക്രമമുണ്ടായാല്‍ വികസനം ഇല്ലാതാവുമെന്ന് ഗുലാംനബി പറഞ്ഞു.
കേരളത്തില്‍ സമാധാനപരമായി ജീവിക്കാനുള്ള അന്തരീക്ഷമുണ്ടാകണമെങ്കില്‍ യു ഡി എഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടതുണ്ടെന്നും സി പി എം അധികാരത്തില്‍ വരികയാണെങ്കില്‍ അത് കള്ളന്റെ കയ്യില്‍ താക്കോല്‍ ഏല്‍പ്പിക്കുന്നത് പോലെയായിരിക്കുമെന്നും ഗുലാം നബി ആസാദ് ഓര്‍മ്മിപ്പിച്ചു.
സമാധാനം പുലരണമെങ്കില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തുമില്ലാത്ത പുരോഗതിയും വികസനവുമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയത്.
അടുത്ത മൂന്നു നാലുതവണ യു ഡി എഫ് തന്നെ അധികാരത്തില്‍ തുടര്‍ച്ചയായി വരികയാണെങ്കില്‍ നമുക്ക് ഓര്‍ക്കാന്‍ കൂടി കഴിയാത്ത തരത്തിലുള്ള വികസനമായിരിക്കും കേരളത്തില്‍ ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more