വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിനുള്ള ക്ഷണം പിണറായി സ്വീകരിക്കാതിരുന്നത് നിര്‍ഭാഗ്യകരമായിപ്പോയി:ഉമ്മന്‍ ചാണ്ടി

യു.ഡി.എഫ്. സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിനുള്ള എന്റെ ക്ഷണം ശ്രീ. പിണറായി വിജയന്‍ സ്വീകരിക്കാതിരുന്നത് തീര്‍ത്തും നിര്‍ഭാഗ്യകരമായിപ്പോയി. അതിനു പകരം അഴിമതിയുടേയും തട്ടിപ്പിന്റേയും വികസനമാണ് യു.ഡി.എഫ്. സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം നടത്തിയതെന്നും ഭാവി വികസനത്തെക്കുറിച്ചുള്ള മൂര്‍ത്തമായ കാഴ്ചപ്പാടുള്ളത് എല്‍.ഡി.എഫിനാണെന്നും വ്യക്തമാക്കിക്കൊണ്ടുള്ള പിണറായി വിജയന്റെ കമെന്റും വായിച്ചു. ഒരു രാഷ്ട്രീയ പ്രസംഗത്തിന്റെ സ്വഭാവം മാത്രമേ ആ കമന്റിനുള്ളൂ
എന്നു പറയേണ്ടി വന്നതില്‍ ഖേദമുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയില്‍ 6000 കോടി രൂപയുടെ അഴിമതിയുണ്ടെന്നു പറഞ്ഞ പിണറായി വിജയന്‍ തന്നെ അത് പിന്നീട് വിഴുങ്ങിയത് കേരളം കണ്ടതാണ്. ഞാന്‍ അക്കാര്യങ്ങളിലേക്കൊന്നും കൂടുതല്‍ പോകാന്‍ ആഗ്രഹിക്കുന്നില്ല.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കേരളത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍/ പദ്ധതികള്‍ അക്കമിട്ടു നിരത്തിക്കൊണ്ടുള്ളതായിരുന്നു എന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആ പദ്ധതികളുടെ ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനുള്ളില്‍ 20,000 കോടി രൂപയുടെ മുതല്‍മുടക്കു നടത്തിയെന്ന് ഞാന്‍ വ്യക്തമാക്കുകയുണ്ടായി. വന്‍കിട വികസന പദ്ധതികള്‍ മാത്രമല്ല, അവഗണിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ സാമൂഹ്യ സുരക്ഷ ലക്ഷ്യമിട്ടുകൊണ്ട് നൂറുകണക്കിനു കോടിക്കണക്കിനു രൂപയുടെ പദ്ധതികള്‍ സമാന്തരമായി ആവിഷ്‌കരിച്ച കാര്യവും ഞാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇപ്രകാരം വികസനത്തിലും കരുതലിലും ഊന്നുന്ന നയമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും ഈ വികസന നയത്തെ കുറിച്ച് പരസ്യ സംവാദത്തിനു തയാറുണ്ടോ എന്നുമാണ് ഞാന്‍ പിണറായി വിജയനോട് ചോദിച്ചത്.
അതിനു തയാറാകാതിരുന്ന അദ്ദേഹം ചില തൊടുന്യായങ്ങള്‍ പറഞ്ഞ് എന്റെ ക്ഷണത്തില്‍നിന്നും ഒളിച്ചോടുകയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം യു.ഡി.എഫ്. സര്‍ക്കാര്‍ തുടര്‍ന്ന വികസന നയത്തെക്കുറിച്ച് പിണറായി വിജയനെ സംവാദത്തിനു ക്ഷണിച്ചപ്പോള്‍ അക്കാര്യത്തെക്കുറിച്ച് മൗനംപാലിച്ച പിണറായി വിജയന്‍ അടുത്ത അഞ്ച് വര്‍ഷത്തെ വികസന നയത്തെ കുറിച്ചാണ് വാചാലനാകുന്നത്. അക്കാര്യത്തെക്കുറിച്ച് മനസിലാക്കാന്‍ പിണറായി വിജയന്‍ നടത്തിയ ഒരുമാസം നീണ്ടുനിന്ന നവകേരള മാര്‍ച്ചിനിടെ നടത്തിയ പത്രസമ്മേളനങ്ങളുടെ ക്ലിപ്പിങ്ങുകള്‍ ഞാന്‍ പരിശോധിക്കണമെന്നാണ് പിണറായി വിജയന്‍ പറയുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഈ അന്ത്യഘട്ടത്തില്‍ അത് ബുദ്ധിമുട്ടാണെന്ന് പറയട്ടെ. വികസനം ചര്‍ച്ച ചെയ്യാന്‍ ഇതിനു മുമ്പും പഠന കോണ്‍ഗ്രസുകള്‍ സി.പി.എം നടത്തിയിട്ടുണ്ട്. പിന്നീട് ഭരണത്തിലേറിയപ്പോള്‍ എന്ത് വികസനമാണ് നടത്തിയതെന്ന് കേരളീയര്‍ക്കറിയുകയും ചെയ്യാം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെക്കുറിച്ച് ചര്‍ച്ച നടത്താം എന്നു പറയുമ്പോള്‍ ഇനിയും കൊണ്ടുവരുമെന്നു പറയുന്ന വികസനത്തെക്കുറിച്ചാണ് പിണറായി വിജയന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അരിയെത്ര എന്ന ചോദ്യത്തിന് പയര്‍ അഞ്ഞാഴി എന്നു പറയുംപോലെ.
ചില എല്‍.ഡി.എഫ്. എം.എല്‍.എമാര്‍ അവരുടെ മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ഞാന്‍ കാണാനിടയായി. എം.എല്‍.എമാര്‍ക്ക് സ്വന്തം മണ്ഡലങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ ഫണ്ട് യഥേഷ്ടം അനുവദിക്കുന്ന ആസ്തി വികസന ഫണ്ട് നടപ്പാക്കിയത് യു.ഡി.എഫ് സര്‍ക്കാരാണ്. 750 കോടി രൂപയുടെ അടങ്കലുള്ള ഈ ഫണ്ട് ഉപയോഗിച്ചാണ് പ്രതിപക്ഷ എം.എല്‍.എമാര്‍പോലും തങ്ങളുടെ മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് പിണറായി ഓര്‍മിച്ചാല്‍ നന്ന്. ഏതെങ്കിലും പ്രതിപക്ഷ എം.എല്‍.എയോട് ചോദിച്ചിരുന്നെങ്കില്‍ അവര്‍ ഇക്കാര്യം വ്യക്തമായി പറയുമായിരുന്നു. യു.ഡി.എഫ്. സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും എല്‍.ഡി.എഫ്. സര്‍ക്കാരുകള്‍ വികസന വിരുദ്ധ നയമാണ് തുടര്‍ന്നുപോന്നതെന്നും തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്കു മുന്നില്‍ പറയേണ്ടിവരും എന്നതുകൊണ്ടാണ് പരസ്യ സംവാദത്തിനുള്ള എന്റെ ക്ഷണം പിണറായി വിജയന്‍ സ്വീകരിക്കാതിരുന്നത്.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more