യു.ഡി.എഫ് പ്രചരണം ശക്തമാക്കുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ യു.ഡി.എഫ് കൂടുതല്‍ ഊര്‍ജ്ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള ‘സഞ്ചരിക്കുന്ന’ വാനുകള്‍ നാളെ മുതല്‍ ജില്ലകളില്‍ പര്യടനം ആരംഭിക്കും.

ഓരോ നിയോജക മണ്ഡലത്തിലേയും 10 പോയിന്റുകളില്‍ വീതം വാഹനം പ്രദര്‍ശനം നടത്തും. യു.ഡി.എഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കുനതിനൊപ്പം സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കുന്ന ഹ്രസ്വചിത്രങ്ങളും വാനുകളില്‍ എല്‍.ഇ.ഡി സ്‌ക്രീനുകള്‍ ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കും. ഇതിനു പുറമേ യു.ഡി.എഫിന്റെ റേഡിയോ പരസ്യവും, തിയറ്റര്‍ പരസ്യവും ഇന്ന് മുതല്‍ ആരംഭിക്കും. സോഷ്യല്‍ മീഡയിലെ പ്രചരണം ശക്തിപ്പെടുത്തുന്നതിനുള്ളതാണ് മറ്റൊരു തീരുമാനം. യു.ഡി.എഫ് സംസ്ഥാന തെരഞ്ഞെടുപ്പ് ഏകോപന സമിതിയാണ് ഇതടക്കമുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഇതിനു പുറമേ ഓരോ മണ്ഡലത്തിലേയും ബൂത്ത് ഏജന്റ്മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും പരിപാടിയുണ്ട്. തിങ്കളാഴ്ച്ചയോടെ ഈ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. ഓരോ മണ്ഡലത്തിലേയും പ്രചരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് പ്രൊഫഷണല്‍ ഏജന്‍സിയുടെ സഹായം സമിതി പ്രയോജനപ്പെടുത്തുന്നുണ്ട്. ഈ സമിതി ആദ്യ ഘട്ട നിരീക്ഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് യു.ഡി.എഫ് ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഏതാനും ദിവസം മുമ്പ് നല്‍കിയിരുന്നു. റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച പോരായ്മകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ മണ്ഡലാടിസ്ഥാനത്തില്‍ നടന്നുവരികയാണ്.

സോഷ്യല്‍ മീഡയിലെ പ്രചരണത്തിലും പ്രത്യേക ശ്രദ്ധനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആകര്‍ഷണീയമായ ഗ്രാഫിക്‌സുകളുടെ സഹായത്തോടെ സര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാനും സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സോണിയാഗാന്ധിയുടേയും രാഹുല്‍ഗാന്ധിയുടേയും വരവോടെ പ്രചരണ രംഗത്ത് കൂടുതല്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. അവസാന ഘട്ട പ്രചരണം പഴുത് അടച്ചുള്ളതാക്കാന്‍ പ്രത്യേക കര്‍മ്മ പരിപാടിയും യു.ഡി.എഫ് ഏകോപന സമിതി ആരംഭിച്ചിട്ടുണ്ട്.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more