മുഖത്തോടു മുഖം നോക്കാത്ത ഐക്യം

അണികളുടെ പിന്തുണയുള്ള അച്യുതാനന്ദനും പാര്‍ട്ടി പിന്തുണയുള്ള പിണറായിയും- ഇവരിരുവരും ഒരുമെയ്യാണെന്നും ഒറ്റക്കെട്ടാണെന്നും ഒരുമിച്ചാണ് ഉണ്ടുറങ്ങുന്നതെന്നുമൊക്കെ കോടിയേരിയോ യച്ചൂരിയോ എത്രവട്ടം പറഞ്ഞാലും കേരളത്തിലെ അരിയാഹാരം കഴിക്കുന്നവരാരെങ്കിലും വിശ്വസിക്കുമോ? സിപിഎം പ്രവര്‍ത്തകര്‍പോലും ലവലേശം ഉള്‍ക്കൊള്ളാത്ത കാര്യത്തെ മാധ്യമസൃഷ്ടിയെന്നോ- മാധ്യമ അജണ്ടയെന്നോ ഒക്കെ വ്യാഖ്യാനിച്ച് ലഘൂകരിക്കാന്‍ ശ്രമിച്ചാല്‍ വിജയിക്കുമോ?
സരിതയെന്ന ഒരു തട്ടിപ്പുകാരിയെ മുന്‍നിര്‍ത്തി മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും കോണ്‍ഗ്രസ് നേതാക്കളെയുമൊക്കെ തേജോവധം ചെയ്യാന്‍ ചില മാധ്യമങ്ങള്‍ കച്ചകെട്ടിയിറങ്ങിയപ്പോള്‍ ആ അധാര്‍മ്മിക മാധ്യമ കര്‍മ്മങ്ങളെ പണം നല്‍കിവരെ പ്രോത്സാഹിപ്പിക്കാന്‍ സിപിഎമ്മുകാര്‍ മുന്നോട്ടുവന്നു. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമെതിരെ ഇല്ലാക്കഥകള്‍ മെനഞ്ഞുണ്ടാക്കി ‘വാര്‍ത്താ വിസ്‌ഫോടന’ ത്തിന് മുന്നിട്ടിറങ്ങിയ ഒരു ചാനല്‍ മേധാവിക്കും നിയമസഭാ സ്ഥാനാര്‍ത്ഥിത്വം സമ്മാനിച്ച് പാവം കുട്ടി സഖാക്കളെക്കൊണ്ട് സിന്ദാബാദ് വിളിപ്പിച്ച അനുഭവവും മുന്നിലുണ്ടല്ലോ. ഈ ഏര്‍പ്പാടുകള്‍ നടക്കുന്ന അവസരത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ക്കിടയിലെ ഹിഡന്‍ അജണ്ട കണ്ടുപിടിക്കാനും പ്രതികരിക്കാനും കോടിയേരിവാദികള്‍ക്ക് കഴിയാതെ പോയത് എന്തുകൊണ്ടാണാവോ?
അല്പമൊക്കെ അറിവും കാര്യപ്രാപ്തിയുമുള്ളവരല്ലേ കേരളത്തിലെ പൊതുജനങ്ങള്‍. ആ പൊതുജനം ഇന്നലെ ചോദിച്ച ചില ചോദ്യങ്ങളുണ്ട് അത് സിപിഎം നേതാക്കള്‍ തിരിച്ചറിയണം. വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടിവിരുദ്ധനാണോ അല്ലയോ എന്നത് ഏതെങ്കിലും മാധ്യമപ്രവര്‍ത്തകന് വെളിപാടുണ്ടായപ്പോള്‍ പുറത്തു വന്ന വാര്‍ത്തയല്ല. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ ചോദ്യത്തിനുത്തരമായി പറഞ്ഞ കാര്യങ്ങളാണ് എല്ലാ മാധ്യമങ്ങളും വാര്‍ത്തയായി പുറത്തു വിട്ടത്. ആ വാര്‍ത്ത എങ്ങിനെയാണ് മാധ്യമ അജണ്ടയായി രൂപാന്തരപ്പെടുന്നത്.
ആലപ്പുഴയില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളന റിപ്പോര്‍ട്ടിംഗിനെതിരായി വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി നേതൃത്വത്തിന് വിയോജനകുറിപ്പ് അയച്ചു. ഇത് ഇഷ്ടപ്പെടാതിരുന്ന ഔദ്യോഗിക വിഭാഗം പിണറായി വിജയന്റെ കൂടി ഒത്താശയോടെ വിഎസിനെതിരായ പ്രമേയം യോഗത്തിലവതരിപ്പിച്ചു. ആ പ്രമേയത്തില്‍ വി.എസിനെ പാര്‍ട്ടി വിരുദ്ധന്‍ എന്നു തന്നെയാണ് വിശേഷിപ്പിച്ചത്. ‘വിഭാഗീയ ഉദ്ദേശ്യത്തോടു കൂടി ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വിഎസ് തുടര്‍ന്നുകൊണ്ടിരിക്കുന്നു പാര്‍ട്ടി അംഗീകരിച്ച പൊതുനിലപാടില്‍ നിന്നും വ്യത്യസ്തമായ പരസ്യപ്രസ്താവനകള്‍ വിഎസിന്റെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഈ നിലപാട് തുടരുകയും പാര്‍ട്ടിയില്‍ ഫാസിസ്റ്റ് മനോഭാവം ആരോപിക്കുകയും ചെയ്തിരിക്കുന്ന പാര്‍ട്ടിവിരുദ്ധ മാനസീകാവസ്ഥയിലേയ്ക്ക് വിഎസ് തരംതാണിരിക്കുന്നു.’ ഈ തരത്തില്‍ കര്‍ശനമായ നിലപാടെടുത്തുകൊണ്ടാണ് കേരളത്തിലെ സിപിഎം ഔദ്യോഗിക പക്ഷം നീങ്ങിയത്. ഈ ദുരനുഭവത്തിന്റെ പേരില്‍ വി.എസ് അന്ന് പാര്‍ട്ടി സമ്മേളനവേദി ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോവുകയുംചെയ്തിരുന്നു. ഈ സാഹചര്യം- അതായത് വി.എസ്. പാര്‍ട്ടി വിരുദ്ധന്‍ എന്ന പാര്‍ട്ടി നിലപാട് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ എന്നാണ് മാധ്യമ പ്രവര്‍ത്തകന്‍ പിണറായിയോട് ചോദിച്ചത്. ആ നിലപാടില്‍ മാറ്റമുണ്ടായിട്ടല്ല എന്നും അങ്ങിനെ എന്തെങ്കിലും നിലപാടു മാറ്റമുണ്ടായാല്‍ തുറന്നു പറയുന്ന പാര്‍ട്ടിയാണ് സിപിഎം എന്നുമാണ് പിണറായി മറുപടി നല്‍കിയത്. ഈ സംഭവ വികാസങ്ങള്‍ ദൃശ്യമാധ്യമങ്ങളില്‍ ജീവനോടെ നിലനില്‍ക്കുമ്പോഴാണ് പിണറായിയും കോടിയേരിയുമൊക്കെ കൂടി വീണിടത്തു കിടന്ന് ഉരുണ്ടുകളിക്കുന്നത്.
പിണറായിയുടെ പ്രസ്താവന മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും സംഭവം ഇടതു മുന്നണിക്ക് ദോഷം ചെയ്യുമെന്ന് തിരിച്ചറിയുകയും ചെയ്തപ്പോഴാണല്ലോ വിശദീകരണങ്ങളുമായി നേതാക്കള്‍ രംഗത്തു വന്നത്. പിണറായിയുടെ വാക്കുകള്‍ എന്തുമാകട്ടെ. വി.എസിന്റെയും പിണറായിയുടെയും പേരില്‍ മാധ്യമങ്ങള്‍ പുതിയ കലാപമുണ്ടാക്കി സിപിഎമ്മിനെ തകര്‍ക്കാനൊരുങ്ങിയാല്‍ നടക്കില്ല എന്നാണ് പിണറായിയും കോടിയേരിയും പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാനഘട്ടത്തില്‍ വരെ വിഎസിന്റെ പേര് ഒഴിവാക്കപ്പെട്ടതും ഒടുവില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെട്ട് വിഎസിനെ സ്ഥാനാര്‍ത്ഥിയാക്കിയതുമൊക്കെ മാധ്യമ അജണ്ടയുടെ ഭാഗമായിരുന്നോ എന്നു കൂടി പിണറായിയും കോടിയേരിയും വ്യക്തമാക്കണം.
നയവ്യതിയാനത്തിന്റെയും പ്രത്യയശാസ്ത്ര പ്രതിസന്ധിയുടെയും വര്‍ഗ്ഗവിരുദ്ധതയുടെയുമൊക്കെ പ്രത്യാഘാതങ്ങളില്‍ കുരുങ്ങിക്കിടക്കുകയാണ് കേരളത്തിലെ സിപിഎം. പാര്‍ട്ടിയെ വളര്‍ത്തി വലുതാക്കിയ തൊഴിലാളിവര്‍ഗ്ഗവുമായുള്ള അടുപ്പം പാര്‍ട്ടി അറിഞ്ഞുകൊണ്ട് ഇല്ലാതാക്കി. മുതലാളിത്ത പ്രീണനത്തെ താലോലിക്കുന്നവരാണ് സിപിഎം നേതൃത്വത്തിലുള്ളവരെല്ലാം. ഇതിനെതിരെ ശബ്ദിച്ചതും നിലപാടെടുത്തതുമാണ് അച്യുതാനന്ദന്റെ ഒറ്റപ്പെടലിനു കാരണമെന്നു ആര്‍ക്കുമറിയാം. ആശയപരമായി നന്മയുടെ ലക്ഷ്യസ്ഥാനമാണ് വിഎസ് ആഗ്രഹിച്ചതെങ്കിലും സ്വന്തം നിലപാടുകള്‍ റബ്ബര്‍ ബാന്‍ഡിന്റെ സ്വഭാവം പ്രകടമാക്കിയത് കൂടെ നിന്നവരെപ്പോലും അകറ്റാന്‍ വഴിയൊരുക്കി.
സിപിഎമ്മിന്റെ ഔദ്യോഗിക വിഭാഗത്തിന് നേതൃത്വം കൊടുക്കുന്ന പിണറായി കോടിയേരിമാരും കണ്ണൂര്‍ നേതാക്കളും തിരിച്ചറിയാതെ പോകുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. വി.എസ്. അച്യുതാനന്ദന്‍ ഒരു ‘ക്രൗഡ് പുള്ളര്‍’ ആയി നിലനില്‍ക്കുന്നത് അദ്ദേഹത്തിന്റെ എല്ലില്ലാത്ത നാവില്‍ നിന്നും ചിലപ്പോഴെങ്കിലും പുറത്തുവരുന്ന കേരളത്തിലെ സിപിഎം നേതൃത്വത്തെ വിമര്‍ശിക്കുന്ന വികടസരസ്വതി കേള്‍ക്കുവാന്‍ കൂടിയാണ് എന്ന കാര്യം ശ്രദ്ധേയമാണ്. വി.എസ്. എപ്പോഴെങ്കിലും ശക്തനാകുന്നത് മുഖ്യശത്രുവായ പിണറായിയെ വെല്ലുവിളിക്കുമ്പോള്‍ മാത്രമാണ്. മറ്റു രാഷ്ട്രീയ ശത്രുക്കളെ നേരിടുമ്പോള്‍ വെറും മിമിക്രിക്കാരന്റെ മുഖഭാവമേ വിഎസില്‍ പ്രകടമാകാറുള്ളൂ.
അപ്പോള്‍ അടിസ്ഥാന വിഷയം എന്താണ് ഇന്നലെ പിറണായി മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ പോയി വി.എസ് പിണറായിയെ വിജയിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു എന്നത് ശകുനിയുടെ ചൂതുകളി തന്ത്രം പോലെ കണ്ടാല്‍ മതി. പിണറായിയെ വിജയിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനെത്തിയ അണികളുടെ എണ്ണം പിണറായി നേരിട്ടെത്തിയതിനേക്കാള്‍ ഒരുതലയെങ്കിലും കൂടുതലാണെന്നു വരുത്തി ധൃതരാഷ്ട്രാലിംഗന തന്ത്രം പയറ്റാനും വിഎസിനു കഴിഞ്ഞിട്ടുണ്ട്.
സിപിഎമ്മിനകത്തെ ഈ നേതൃനാടകങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്ന പൊതുജനത്തിന്റെ മനസില്‍ സ്വാഭാവികമായും ഉയരുന്ന സംശയമാണ് കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും വി.എം. സുധീരനും ഉന്നയിച്ചത്. വിഎസ് വടക്കെത്തുമ്പോള്‍ തെക്കോട്ടോടുന്ന പിണറായിയെയും പിണറായി വടക്കെത്തുമ്പോള്‍ തെക്കോട്ടുപായുന്ന വിഎസിനെയുമാണ് കേരളം കാണുന്നത്. ഈ ഇരുവരും മുന്നണിയെ നയിക്കുന്നെങ്കില്‍ എന്തു ഭരണമാകും സംഭാവന ചെയ്യാന്‍ കഴിയുക? പാര്‍ട്ടി വിരുദ്ധനും വി.എസ്. വിരുദ്ധനും തമ്മിലുള്ള വൈരാഗ്യ നാടകങ്ങളുടെ വേദിയാകില്ലേ കേരളം.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more