നരേന്ദ്രമോഡിക്ക് ഉമ്മന്‍ചാണ്ടിയുടെ കത്ത്


ആദരണീയനായ പ്രധാനമന്ത്രി,
പരവൂര്‍ ദുരന്തം സംഭവിച്ചപ്പോള്‍ അങ്ങ് കേരളത്തില്‍ വന്നതിനെ
സ്വാഗതം ചെയ്തയാളാണു ഞാന്‍. നല്ലതു ചെയ്താല്‍ അതിനെ അംഗീകരിക്കാന്‍ അറിയാവുവരാണ് ഞങ്ങള്‍, മലയാളികള്‍.
പക്ഷേ, കഴിഞ്ഞ ദിവസങ്ങളില്‍ അങ്ങ് പ്രസംഗിച്ച വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണു കേരളം. കേരളത്തില്‍ നടന്നിട്ടില്ലാത്ത കാര്യങ്ങളും കേരളം സൊമാലിയ പോലെയാണെന്നും വരെ പറഞ്ഞ് അങ്ങ് കേരളത്തെ അപമാനിച്ചു. പ്രധാനമന്ത്രിയുടെ പദവിയെ അങ്ങ് താഴ്ത്തിക്കെട്ടി. ഞങ്ങള്‍ക്കതില്‍ അതിയായ ദുഃഖവും പ്രതിഷേധവുമുണ്ട്.
കണ്ണൂരിലെ പേരാവൂരില്‍ ഒരു ബാലന്‍ മാലിന്യത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ചിത്രം കരളലിയിച്ചു എന്നാണ് അങ്ങ് പറഞ്ഞത്. പ്രധാനമന്ത്രി ഒരു കാര്യം പറയുമ്പോള്‍ അത് വസ്തുതാപരമായിരിക്കണം, സത്യവുമായിരിക്കണം. രാജ്യത്ത് നടക്കുന്ന എല്ലാ കാര്യങ്ങളും അങ്ങയുടെ വിരല്‍ത്തുമ്പിലുണ്ട്. ഈ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടി, നിജസ്ഥിതി പരിശോധിച്ച് നിഗമനത്തില്‍ എത്തുകയാണ് പ്രധാനമന്ത്രി ചെയ്യേണ്ടിയിരുന്നത്.
പേരാവൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12ല്‍ ഉള്‍പ്പെടുന്ന തിരുവോണപ്പുറം അമ്പലക്കുഴി കോളനിയിലെ പണിയ വിഭാഗത്തില്‍പ്പെട്ട രാജീവന്‍- ശാരദ ദമ്പതികളുടെ മക്കള്‍ രാജിത്ത്, രഞ്ജിത്ത് എന്നീ കുട്ടികളും ശശി- ശാന്ത ദമ്പതിമാരുടെ മക്കള്‍ അഭിനവ്, അഖില്‍, സുധീപ് എന്നീ കുട്ടികളും സ്‌കൂളില്‍ പോകാതെ മാലിന്യസംസ്‌കരണ കേന്ദ്രത്തിന്റെ മതില്‍ ചാടിക്കടന്ന്
പഴകിയ ആഹാരം കഴിക്കുന്നതായി ചില മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത വന്നു. പട്ടിക വര്‍ഗ വികസന വകുപ്പും പൊലീസും അടിയന്തരമായി ഇത് അന്വേഷിച്ചു.
പട്ടിക വര്‍ഗവകുപ്പ് ഡയറക്ടര്‍ 18.11.2015ല്‍ സര്‍ക്കാരിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് ഇപ്രകാരം: ”വെക്കളം യുപി സ്‌കൂളില്‍ അഞ്ചാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന ഈ കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ മടിയുള്ളവരും സമീപത്തുള്ള വീടുകളിലും തോട്ടങ്ങളിലും മറ്റും അതിക്രമിച്ചു കയറിയെന്ന പരാതി നേരിടുന്നവരുമാണ്. പ്രസ്തുത മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ ഈ കുട്ടികള്‍ സ്ഥിരമായി അതിക്രമിച്ചു കയറുന്നതായും കേന്ദ്രത്തില്‍ കയറാതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്കിയിട്ടും അനുസരിക്കാറില്ലെന്നും സംസ്‌കരണ കേന്ദ്രത്തിലെ ജീവനക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇവരുടെ മാതാപിതാക്കള്‍ കാര്‍ഷിക മേഖലയില്‍ കൂലിപ്പണി ചെയ്യുന്നവരാണ്. സ്ഥിരമായി കൂലിവേല ലഭിക്കുന്നതിനാല്‍ ഭക്ഷണത്തിനോ മറ്റ് അത്യാവശ്യങ്ങള്‍ക്കോ ബുദ്ധിമുട്ടു അനുഭവപ്പെടുന്നില്ല. രണ്ടു കുടുംബങ്ങള്‍ക്കും ആറളം പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കിൽ ഒരേക്കറോളം ഭൂമി ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവര്‍ ആ പ്ലോട്ടിലേക്കു പോകാന്‍ തയാറായിട്ടില്ല. എന്നിരുന്നാലും വാസയോഗ്യമായ വീടുകളിലാണ് അവര്‍ ഇപ്പോഴും താമസിക്കുന്നത്.”
പേരാവൂര്‍ പോലീസ് ഇതു സംബന്ധിച്ച് 24.11.2015ല്‍ തയാറാക്കിയ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍: ”കുട്ടികളെ സ്‌കൂളിലേക്ക് സ്‌കൂള്‍ മാനേജര്‍ ഷിബു കലാമന്ദിറിന്റെ വാഹനത്തില്‍ സൗജന്യമായാണ് കൊണ്ടുപോകാറുള്ളത്. സ്‌കൂളില്‍ നിന്ന് എല്ലാ ദിവസവും ഉച്ചഭക്ഷണവും അതിനു പുറമേ ചൊവ്വാഴ്ച മുട്ടയും തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ പാലും കൊടുക്കാറുണ്ട്. കുട്ടികള്‍ വല്ലപ്പോഴുമേ സ്‌കൂളില്‍ പോകാറുള്ളൂ. കുട്ടികള്‍ കാലത്ത് വീട്ടില്‍ നിന്നും ചോറും കറിയും പഴങ്ങളും മറ്റും കഴിച്ചശേഷം തോന്നിയതുപോലെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകും. മാലിന്യ സംസ്‌കരണ കേന്ദ്രത്തിന്റെ മതില്‍ ചാടിക്കടന്ന് ആക്രികള്‍ ശേഖരിച്ച് കിട്ടുന്ന പണം കൊണ്ട് ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുകയും മറ്റുള്ളവരുടെ തോട്ടങ്ങളില്‍ നിന്ന് അടയ്ക്കയും തേങ്ങയും മറ്റും ശേഖരിച്ച് വില്ക്കുകയുമായിരുന്നു.”
വസ്തുതകള്‍ ഇതാണെന്നിരിക്കെ, അങ്ങ് എന്തിനാണ് ഇങ്ങനെയൊരു കള്ളത്തരം കേരളത്തില്‍ വന്നു തട്ടിവിട്ടത്? കേരളത്തില്‍ ഒരു കുട്ടി പോലും മാലിന്യ കേന്ദ്രങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നില്ലെന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. 25.02 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ദിവസവും സൗജന്യ ഉച്ചഭക്ഷണവും ആഴ്ചയില്‍ ഒരു ദിവസം മുട്ടയും മറ്റൊരു ദിവസം പാലും നല്കുന്ന സംസ്ഥാനമാണു കേരളം. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള മുഴുവന്‍ പേര്‍ക്കും അഞ്ചു വര്‍ഷം ഒരു രൂപയ്ക്ക് അരി നല്കി. ഇപ്പോള്‍ സൗജന്യമായി അരി നല്കുന്ന രാജ്യത്തെ രണ്ടാമത്തെ സംസ്ഥാനമാണു കേരളം.
കൊലപാതകങ്ങള്‍
സിപിഎം നടത്തിയ രാഷ്ട്രീയ അക്രമങ്ങളും കൊലപാതകങ്ങളും അതതു കാലത്തെ സര്‍ക്കാരുകള്‍ ഒതുക്കിത്തീര്‍ത്തെന്ന് അങ്ങ് പരാമര്‍ശിക്കുകയുണ്ടായി. തികച്ചും അടിസ്ഥാനരഹിതമായ ആരോപണമാണത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സമയബന്ധിതമായി അന്വേഷിച്ച് കുറ്റപത്രം നല്കി കോടതി മൂന്ന് സി.പി.എം. നേതാക്കളും ഏഴു കൊലയാളികളുമടക്കം 11 പേരെ ജീവപര്യന്തം ശിക്ഷിച്ചു. എന്നാൽ ഈ കേസിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ശിപാര്‍ശയിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടേകാല്‍ വര്‍ഷമായി അടയിരിക്കുകയാണ്. ബി.ജെ.പിയും സിപിഎമ്മും തമ്മിലുള്ള ഒന്നാതരം ഒത്തുകളിയുടെ ഭാഗമാണിതെന്ന് ന്യായമായി സംശയിക്കുന്നു.
എന്തിനേറെ, ബിജെപി നേതാവ് കെടി. ജയകൃഷ്ണന്‍ മാസ്റ്ററെ പട്ടാപ്പകല്‍ സ്‌കൂളില്‍വച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ആവശ്യപ്പെട്ട്‌ നല്കിയ അപേക്ഷയും കേന്ദ്രം പൂഴ്ത്തിയിരിക്കുകയാണ്. കേരളത്തെ നടുക്കിയ അരിയില്‍ ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം, മുഹമ്മദ് ഫസല്‍ വധം എന്നിവ സിബിഐ ഏറ്റെടുത്തത് ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ്.
സോളാര്‍
സോളാറെന്നു കേള്‍ക്കുമ്പോള്‍ ഇവിടാരും ഞെട്ടാറില്ല. സോളാര്‍ കേസ് സാമ്പത്തിക തട്ടിപ്പാണെന്നും സര്‍ക്കാരിന് നയാപൈസ നഷ്ടപ്പെട്ടില്ലെന്നും ഇവിടെ എല്ലാവര്‍ക്കും അറിയാം. 33 കേസുകളിലെ പ്രതിയാണ് ആരോപണം ഉന്നയിക്കുന്നത്. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടു കഴിഞ്ഞു. എന്നാൽ, കേരളത്തിലെ സോളാര്‍ പദ്ധതിയെപ്പറ്റി അങ്ങ് എത്രയോ തവണ വാചാലനായിട്ടുണ്ട്. കാലിഫോര്‍ണിയയില്‍ 196 രാജ്യങ്ങള്‍ പങ്കെടുത്ത റിന്യൂവബിള്‍ എനര്‍ജി റൗണ്ട്‌ടേബിള്‍ കോഫറന്‍സില്‍ അങ്ങ് എടുത്തു പറഞ്ഞ മൂന്ന് പദ്ധതികളിലൊന്ന് സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന നെടുമ്പാശേരി വിമാനത്താവളത്തെക്കുറിച്ചാണ്. തെരഞ്ഞെടുപ്പ് ആകുമ്പോള്‍ അപമാനം അല്ലെങ്കില്‍ അഭിമാനം എന്ന നിലപാട് പ്രധാനമന്ത്രിക്കു ചേര്‍ന്നതാണോ?
സൊമാലിയ
സാമ്പത്തിക വളര്‍ച്ചാ നിരക്കിലും മാനവശേഷി വികസനത്തിലും അഞ്ചു വര്‍ഷമായി കേരളം ദേശീയ ശരാശരിയുടെ മുകളിലാണ്. കേരളത്തിന്റെ മാനവശേഷി വികസനം ആഗോളതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ്. എന്നിട്ടും അങ്ങ് പട്ടിണി കൊണ്ടും ആഭ്യന്തര കലാപങ്ങള്‍കൊണ്ടും നട്ടം തിരിയുന്ന സൊമാലിയയുമായി കേരളത്തെ താരതമ്യം ചെയ്തത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേരളം ഇന്ത്യയിലുള്ള സംസ്ഥാനമല്ലേ? ഇന്ത്യയില്‍ സൊമാലിയ പോലുള്ള പ്രദേശമുണ്ടെന്ന് പറയുന്നത് പ്രധാനമന്ത്രിക്കു നാണക്കേടല്ലേ?
കേരളനാട് ഹൃദയത്തിലുണ്ട് എന്നാണല്ലോ അങ്ങ് പ്രസംഗിച്ചത്. അങ്ങനെയായിരുന്നെങ്കില്‍ അങ്ങ് സത്യസന്ധമായി കേരളത്തെക്കുറിച്ചു പറയുമായിരുന്നു. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ ഡോ. മന്‍മോഹന്‍ സിംഗ് വരെയുള്ള മഹാരഥന്മാര്‍ ഇരുന്ന കസേരയാണതെന്ന് വിനീതമായി ഓര്‍മിപ്പിക്കുന്നു. അവര്‍ ഒരിക്കലും ഈ രീതിയിലേക്കു തരംതാഴ്ന്നിട്ടില്ല.
അങ്ങ് നാളെ കേരളത്തിലെത്തുമ്പോള്‍, കഴിഞ്ഞ ദിവസം പറഞ്ഞ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുക്കുന്നു.
വിശ്വസ്തതയോടെ
ഉമ്മന്‍ ചാണ്ടി

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more