കോടിയേരി കഥയറിയാതെ ആട്ടം കാണുന്നു

അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെ പുകമറ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നത് സിപിഎം എക്കാലത്തും സ്വീകരിക്കുന്ന രാഷ്ട്രീയ തന്ത്രമാണ്. അസത്യങ്ങളും, അര്‍ധസത്യങ്ങളും കുത്തി നിറച്ച പ്രചരണങ്ങളിലൂടെ എന്നും ജനങ്ങളെ വഴിതെറ്റിക്കാന്‍ കഴിയുമെന്ന മിഥ്യാബോധത്തിലാണവര്‍. സി പി എം മുഖപത്രത്തിലെ എഡിറ്റോറിയല്‍ പേജിലെ ശരിപക്ഷം എന്ന കോളത്തില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരവകുപ്പിനെതിരെ നിരത്തിയ പൊള്ളയായ ആരോപണങ്ങള്‍ ഈ അസത്യ പ്രചരണങ്ങളുടെ സാക്ഷ്യപത്രമാണ്.
പൊതുമരാമത്ത് വകുപ്പിലെ കോടികളുടെ അഴിമതിയെക്കുറിച്ചുള്ള ഫയല്‍ ആഭ്യന്തര വകുപ്പ് പൂഴ്ത്തി വച്ചുവെന്ന ആരോപണമാണ് ഒന്നാമത്തേത്. അഞ്ജനമെന്നതെനിക്കറിയാം, മഞ്ഞള് പോലെ വെളുത്തിരിക്കും പഴം ചൊല്ലാണ് ഇത് കേള്‍ക്കുമ്പോള്‍ ഓര്‍മവരുന്നത്. വിജിലന്‍സ് വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി അഞ്ച് കൊല്ലം പ്രര്‍ത്തിച്ചിട്ടുള്ള അദ്ദേഹത്തിന് ആ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളക്കുറിച്ച് കാര്യമായൊന്നുമറിയില്ലന്നും ഈ ആരോപണങ്ങള്‍ ശ്രദ്ധിക്കുന്നയാര്‍ക്കും മനസിലാകും.
ആദ്യമായി പറയട്ടെ, ഈ ഫയല്‍ ആര്‍ക്കെങ്കിലും എതിരെയുള്ള വിജിലന്‍സ് കേസിന്റെ ഫയല്‍ അല്ല, മറിച്ച് ഇതൊരു സിസ്റ്റം സ്റ്റഡി റിപ്പോര്‍ട്ടാണ്. സംസ്ഥാന വിജിലന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് കാലാകാലങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തെ മെച്ചെപ്പെടുത്തുന്നതിനും. കൂടുതല്‍ സക്രിയമാക്കാനും ഉദ്ദേശിച്ച് കൊണ്ടുള്ള വിവിധ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് വിജിലന്‍സ് സമര്‍പ്പിക്കാറുണ്ട്. അഴിമതിയെക്കുറിച്ചുള്ള ഫയല്‍ ആണെങ്കില്‍ അതില്‍ ആദ്യം ത്വരിതാന്വേഷണം നടത്തി എഫ് ഐ ആര്‍ ഇടുകയാണ് പതിവ്. വിശദമായ അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് പതിവ്. എന്നാല്‍ മുക്കിയെന്നാരോപിക്കുന്ന ഈ ഫയലില്‍ പൊതുമരാമത്ത് വകുപ്പിനെ കാര്യക്ഷമമാക്കുന്നതിനുള്ള മുപ്പതോളം നിര്‍ദേശങ്ങളാണ് ഉണ്ടായിരുന്നത്. ആ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഫയല്‍ പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിക്കുകയും അവര്‍ ആ നിര്‍ദേശങ്ങള്‍ എല്ലാം പ്രാബല്യത്തില്‍ വരുത്തി വകുപ്പ് പ്രവര്‍ത്തങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുകയുമാണ് ചെയ്തത്. ഇതിനെയാണ് അഴിമതി കണ്ടെത്തിയ ഫയല്‍ മൂടിവച്ചു എന്ന രീതിയില്‍ സത്യവുമായി പുലബന്ധമില്ലാത്ത തരത്തില്‍ ചിത്രീകരിച്ചത്. മാത്രമല്ല ചരിത്രത്തിലാദ്യമായി അഴിമതി കേസില്‍ രണ്ട് ചീഫ് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാരാണിത്. ഇടതുമുന്നണിയുടെ ഭരണത്തില്‍ ഇത്തരമൊരു കാര്യം ചിന്തിക്കാന്‍ പറ്റുമോ?
പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലചെയ്ത സംഭവത്തില്‍ അന്വേഷണം ഇരുട്ടില്‍ തപ്പുന്നുവെന്നതാണ് മറ്റൊരു ആരോപണം. തികച്ചും അവാസ്തവമായൊരു വിലയിരുത്തലാണിത്. പെരുമ്പാവൂര്‍ സംഭവത്തില്‍ അന്വേഷണം വളരെ കാര്യക്ഷമമായാണ് നടക്കുന്നത്. പ്രതിയെ പൊലീസ് പിടികൂടുക തന്നെ ചെയ്യും. ആഭ്യന്തര മന്ത്രിയായിരുന്നെങ്കിലും കോടിയേരി മനസിലാക്കാത്ത ഒരു കാര്യത്തെക്കുറിച്ച് സൂചിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഓരോ കുറ്റകൃത്യത്തിന്റെയും സ്വഭാവമനുസരിച്ചാണ് അതിനെക്കുറിച്ചുള്ള അന്വേഷണം നീണ്ടുപോകുമോ ഇല്ലയോ എന്ന് തിരുമാനിക്കപ്പെടുന്നത്.
ഉദാഹരണത്തിന്പ്രമാദമായ ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതക കേസ് എടുക്കുക പ്രതികളായ നിനോ മാത്യുവിനെയും, അയാളുമായി ബന്ധമുണ്ടായിരുന്ന അനുശാന്തി എന്ന സ്ത്രീയെയും കേവലം മണിക്കൂറുകള്‍ കൊണ്ടാണ് അറസ്റ്റ് ചെയ്തത്. അവിടെ കൃത്യമായ സാക്ഷിമൊഴികളും, സാഹചര്യത്തെളിവുകളും ഉള്ളത് കൊണ്ട് പെട്ടെന്ന് തന്നെ പൊലീസിന് കുറ്റവാളികളെ പിടികൂടാന്‍ കഴിഞ്ഞു. കേരളത്തെ പിടിച്ചുകുലുക്കിയ നിരവധി കൊലപാതക കേസുകളില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസിന് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് മറക്കരുത്. ഏറ്റവും മികച്ച ക്രമസമാധാന നിലയുള്ള സംസ്ഥാനമായി കേരളത്തെ ദേശീയ മാധ്യമങ്ങള്‍ തിരഞ്ഞെടുത്തത് കോടിയേരി മറന്ന് കാണില്ലന്ന് ഞാന്‍ വിശ്വസിക്കുന്നു.
പെരുമ്പാവൂര്‍ കൊലപാതകത്തില്‍ പൊലീസിനെ സഹായിക്കുന്നതരത്തിലുള്ള കൂടുതല്‍ തെളിവുകള്‍ കിട്ടാന്‍ കുറച്ച് സമയം എടുത്തേക്കാം. അല്ലാതെ അത് പൊലീസിന്റെ വീഴ്ചയാണെന്ന് ചിത്രീകരിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിവരക്കേടാണ്. ഏറ്റവും മികച്ച ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് ഈ കേസ് അന്വേഷിക്കുന്നത്. തീര്‍ച്ചയായും കുറ്റവാളി ഉടന്‍ വലയിലാകും.
നിര്‍ഭയ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പലതവണ കേന്ദ്രത്തിന് ഞാന്‍ കത്തെഴുതിയെങ്കിലും അവിടെ നിന്ന് യാതൊരു മറുപടിയുമുണ്ടായില്ല. പത്ത് പൈസ പോലും അനുവദിക്കുകയും ചെയ്തില്ല. ഇക്കാര്യത്തില്‍ കോടിയേരി തോക്ക് തിരിച്ച് വയ്‌ക്കേണ്ടത് കേന്ദ്ര സര്‍ക്കാരിനെതിരെയാണ്.
വസ്തുതകള്‍ ഇതായിരിക്കെ കോടിയേരി ബാലകൃഷ്ണനെപ്പോലെ ഭരണ രംഗത്തും, പൊതുപ്രവര്‍ത്തന രംഗത്തും ദീര്‍ഘകാലത്തെ പരിചയമുള്ള ഒരു നേതാവ് വ്യാജപ്രചരണങ്ങളുമായി രംഗത്ത് വരുന്നത് രാഷ്ട്രീയ മര്യാദയല്ലന്ന് മാത്രം പറയട്ടെ.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more