കേരളത്തെ ഗുജറാത്ത് ആക്കരുതേ

കേന്ദ്രത്തില്‍ ഭരിക്കുന്നത് ബിജെപിയാണെന്നുള്ള പ്രായോഗിക സമീപനം വച്ച് കേരളത്തില്‍ ആരെങ്കിലുമൊക്കെ ബിജെപിയോട് മൃദുസമീപനം സ്വീകരിച്ചാല്‍ നാളെ അവരൊക്കെ ദുഃഖിക്കേണ്ടി വരുമെന്ന് എ കെ ആന്റണി മുന്നറിയിപ്പു നല്‍കി. ബിജെപി ശക്തിപ്പെടുന്നത് കേരളത്തിന് അപകടകരമാണ്. മോദിയുടെ കേരള പര്യടനം തീര്‍ത്തും നിരാശാജനകമാണ.് സംസ്ഥാനത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത ഒരു പ്രഖ്യാപനം പോലും പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടായിട്ടില്ല. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില ഇടിവിനെ തുടര്‍ന്ന് കാര്‍ഷിക കേരളത്തിന്റെ നട്ടെല്ല് തകര്‍ന്നിരിക്കുകയാണ്. കൃഷിക്കാര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ ആശ്രയിച്ച് നില്‍ക്കുകയാണ്. മത്സ്യം, റബ്ബര്‍, ഏലം കര്‍ഷകരും ദുരിതത്തിലാണ.്
യുവജനങ്ങള്‍ പതിനായിരം കോടിരൂപയുടെ പ്രഖ്യാപനം കേട്ട് അത് എത്രയും വേഗം നടപ്പാക്കുന്നത് പ്രതീക്ഷിച്ചിരിക്കുകയാണ്. സ്വച്ഛ് ഭാരതത്തിന്റെ കാര്യത്തിലും പ്രഖ്യാപനം മാത്രമാണ് ഉള്ളത്. 2022 ആകുമ്പോള്‍ ഇന്ത്യയിലെ കൃഷിക്കാരുടെ വരുമാനം ഇരട്ടിക്കുമെന്നാണ് കേരളത്തിലെത്തിയ മോദിയുടെ പ്രഖ്യാപനം. ഇപ്പോള്‍ പട്ടിണി കിടക്കൂ 2022ല്‍ ശരിയാകുമെന്നാണ് പറയുന്നത്. ഇനി ആറ് വര്‍ഷം കൂടിയുണ്ട.് കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണ.് അതുവരെ അവര്‍ ജീവിച്ചിരിക്കുമെന്ന് എന്താണ് ഉറപ്പ്?- ആന്റണി ചോദിച്ചു.
കേരളത്തിലെ കാര്‍ഷിക സമ്പദ്ഘടന തകര്‍ച്ചയുടെ വക്കിലാണ.് റബ്ബര്‍ കര്‍ഷകരെ സഹായിക്കുവാന്‍ കേരളത്തിലെ ഭരണ പ്രതിപക്ഷ എംഎല്‍എമാരും എംപി മാരും ഒറ്റക്കെട്ടായി കേന്ദ്രത്തോട് 500 കോടി സഹായം ആവശ്യപ്പെട്ടു എന്നാല്‍ വരട്ടെ പഠിക്കട്ടെ എന്നാണ് മറുപടി. നാളികേര കര്‍ഷകരെ സഹായിക്കുവാന്‍ ഒരു നടപടിയുമില്ല. മത്സ്യ തൊഴിലാളികളെ എത്രയും ദ്രോഹിച്ച കേന്ദ്ര സര്‍ക്കാരാണിത്. മീനാകുമാരി കമ്മീഷന്‍ കഴിഞ്ഞപ്പോള്‍ അയ്യപ്പന്‍ കമ്മീഷനെ കേന്ദ്രം നിയോഗിച്ചിരിക്കുകയാണ്. ട്രോളിങ് നിരോധനം നീട്ടുകയും ചെയ്തു. ഇത് കുത്തകകളെ സഹായിക്കുവാന്‍ വേണ്ടിമാത്രമായ നടപടിയാണെന്ന് ആന്റണി ആരോപിച്ചു. അടയ്ക്കാ കര്‍ഷകരുടെ കാര്യം എന്റെ മനസ്സിലുണ്ടെന്നാണ് പ്രധാനമന്ത്രി കാസര്‍ഗോഡ് പറഞ്ഞത്. ഇനി മനസ്സില്‍ നിന്ന് പുറത്തേയ്ക്ക് വരണം. സാക്ഷര കേരളത്തിലെ ജനങ്ങളോട് ഇങ്ങനെ വാഗ്ദാനങ്ങളുടെ പെരുമഴ എന്തിനാണെന്ന് ആന്റണി ചോദിച്ചു.
കേരളത്തില്‍ ബിജെപി ശക്തിപ്പെടുന്നത് ഇവിടത്തെ സമാധാന ജീവിതത്തിന് ആപത്താണ്. അക്കൗണ്ട് തുറക്കുന്നത് മാത്രമല്ല അവര്‍ ശക്തിപ്പെടുന്നതു പോലും അപകടകരമാണ്. നാം എന്ത് വസ്ത്രം ധരിക്കണം, എന്ത് ഭക്ഷിക്കണം എന്നൊക്കെ മറ്റുള്ളവര്‍ തീരുമാനിക്കുന്ന തലത്തിലേക്ക് കാര്യങ്ങള്‍ പോകുന്നത് അപകടകരമാണ്. കൊല്ലത്ത് വെടിക്കെട്ട് അപകട സ്ഥലത്ത് ഓടിയെത്തിയെന്ന് അവകാശപ്പെടുന്നവരോട് അത് ദേശീയ ദുരന്തമാണെന്ന് പ്രഖ്യാപിക്കണമെന്ന കേരള സര്‍ക്കാരിന്റെ ആവശ്യത്തോട് ഇന്നും കണ്ണടച്ചിരിക്കുകയാണ്.
തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേരളത്തോട് വല്ലാത്ത സ്‌നേഹം കാട്ടുകയാണ് മോദി കേരളത്തെ ഗുജറാത്ത് ആക്കുമെന്നാണ് അദ്ദേഹം പറയുന്നത് ദയവു ചെയ്ത് ഗുജറാത്ത് ആക്കരുതെന്നും ആന്റണി പറഞ്ഞു. ഞങ്ങള്‍ ഇഷ്ടമുള്ള ഭക്ഷണവും, ഇഷ്ടമുള്ള വസ്ത്രങ്ങളും ധരിച്ച് ജീവിച്ചോട്ടെ. മഞ്ചേശ്വരത്തും, കാസര്‍ഗോഡും യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം. ഈ രണ്ട് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിക്കും. ഇത് തുറന്ന് പറയുമ്പോള്‍ മാര്‍ക്‌സിസ്റ്റുകാര്‍ വിളറി പിടിക്കുന്നത് എന്തിനാണെന്ന് ആന്റണി ചോദിച്ചു. ചുരുക്കം ചില മണ്ഡലങ്ങളില്‍ യുഡിഎഫും ബിജെപിയും നേരിട്ട് മത്സരിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന് ആര്‍ക്കാണ് അറിയാത്തത് ആന്റണി പറഞ്ഞു.
ഇടതുപക്ഷം പരാജയം മണത്തറിയുന്നതു കൊണ്ടാണ് ഇല്ലാത്ത കാര്യങ്ങള്‍ വിളിച്ച് പറയുന്നത്. ബംഗാളില്‍ കോണ്‍ഗ്രസും ഇടതുമുന്നണിയും ഒരുമിച്ച് മത്സരിക്കുന്നത് കേരളത്തില്‍ ബാധിക്കുകയില്ല.
പെരുമ്പാവൂരില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അടിയന്തരമായി കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നടപ്പാക്കണം. ഈ കൊലപാതകത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പീഡനക്കേസിലെ പ്രതികളെ വെറുതേ വിടാതെ ശിക്ഷിക്കുകയും വേണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് വ്യക്തമായി മുന്നേറിയിരിക്കുകയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം കൂടിയായ ആന്റണി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ പ്രചാരണ രംഗത്ത് അല്‍പ്പം പിന്നിലായിരുന്നുവെന്നത് ശരിതന്നെയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അല്‍പം വൈകിയതും ഇതിനു കാരണമായി
രണ്ടാംഘട്ടത്തിന്റെ പകുതി കഴിഞ്ഞപ്പോള്‍ തന്നേ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ ഇപ്പോള്‍ യുഡിഎഫ് മുന്നിലെത്തിയിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിലെ പ്രവര്‍ത്തനത്തോടെ യുഡിഎഫ് വന്‍ മുന്നേറ്റം ഉണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ഉണ്ടാകാത്ത വികസന പ്രവര്‍ത്തനങ്ങളാണ് അഞ്ച് വര്‍ഷംകൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയത്.
അതുപോലെ തന്നേ ക്ഷേമപ്രവര്‍ത്തനങ്ങളിലും സര്‍വ്വകാല റെക്കോര്‍ഡ് ആണ് യുഡിഎഫിന്റേത്. ഇതൊക്കെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ കഴമ്പില്ലാത്ത അഴിമതി ആരോപണങ്ങളുന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് ഇടതതു മുന്നണിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ശ്രമിക്കുന്നത്.
ഈ സര്‍ക്കാരിനെതിരെ ഒറ്റ ആരോപണം പോലും തെളിയിക്കുവാന്‍ കഴിഞ്ഞില്ല. ഭരണ നേട്ടങ്ങളില്‍ നിന്ന് ജനശ്രദ്ധ മാറ്റാനുള്ള നടപടികള്‍ മാത്രമാണിത്. ഇത് കേരളജനത തിരിച്ചറിയുന്നുമുണ്ട്.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more