അന്ന് കാട്ടില്‍ ദുരിതകാലം;ഇന്ന് നാട്ടില്‍ നല്ലകാലം.

ഇടതുഭരണകാലത്ത് വനംവകുപ്പിന്റെ പിടിപ്പുകേടുകൊണ്ട് പാളിപ്പോയ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി യു ഡി എഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുമ്പില്‍ പ്രാവര്‍ത്തികമായപ്പോള്‍ വനഗ്രാമങ്ങളില്‍ വന്യമൃഗങ്ങളോട് മല്ലിട്ട് മരണം മുന്നില്‍കണ്ട് ജീവിച്ചവര്‍ക്ക് ലഭിച്ചത് ആശ്വാസവും നല്ലകാലവും.
വയനാട് വന്യജീവി സങ്കേതത്തിലെ ജനവാസകേന്ദ്രങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ കാടിനു പുറത്തേക്ക് മാറ്റുന്നതിനായി ആരംഭിച്ച സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഇതിനകം തന്നെ 178 കുടുംബങ്ങള്‍ കുടിയൊഴിഞ്ഞു കഴിഞ്ഞു. ചെതലയം, കുറിച്യാട് റെയിഞ്ചുകളില്‍പെട്ട ആറ് കോളനികളില്‍ നിന്നാണ് ഇത്രയും കുടുംബങ്ങള്‍ താമസമൊഴിഞ്ഞത്. പദ്ധതിക്ക് സര്‍ക്കാര്‍ അനുവദിച്ച 18 കോടിയില്‍ നിന്ന് 17.8 കോടി രൂപയും ഗുണഭോക്താക്കള്‍ക്ക് കൈമാറി. നിലവില്‍ പുനരധിവാസം നടക്കുന്ന തോല്‍പ്പെട്ടി റെയിഞ്ചിലെ ഈശ്വരന്‍കൊല്ലി, നരിമന്തിക്കൊല്ലി കോളനികള്‍ക്കായി 7.4 കോടി രൂപകൂടി സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തു. താമസക്കാരൊഴിയുന്ന കോളനികള്‍ വനംവകുപ്പ് ഏറ്റെടുത്ത് വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമാക്കി മാറ്റുന്നു. സ്വയം സന്നദ്ധരാവുന്ന കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കിയാണ് പുനരധിവാസം നടത്തിയത്. ചെതലയം റെയിഞ്ചിലെ കോളൂര്‍, അമ്മവയല്‍, കൊട്ടങ്കര, അരക്കുഞ്ചി, വെള്ളക്കോട്, കുറിച്യാട് റെയിഞ്ചില്‍പെട്ട കുപ്പ കുറിച്യാട് എന്നീ കോളനികളില്‍ നിന്നാണ് കുടുംബങ്ങളെ പുനരധിവസിപ്പിച്ചത്.
വന്യജീവി ആക്രമണങ്ങളും പകര്‍ച്ചവ്യാധികളും വര്‍ധിച്ചതോടെ 2009ലാണ് ഉള്‍വനത്തോട് ചേര്‍ന്ന് താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി ആവിഷ്‌കരിച്ചത്. എന്നാല്‍ ഇത് നടപ്പിലാക്കാന്‍ ഇടതുസര്‍ക്കാരിനായില്ല. വന്യജീവി സങ്കേതത്തില്‍ 110 ജനവാസ കേന്ദ്രങ്ങളിലായി 2613 കുടുംബങ്ങളുണ്ട്. ഇതില്‍ 14 ജനവാസകേന്ദ്രങ്ങളിലുളള 800 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്. തൃശൂര്‍ ആസ്ഥാനമായ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആണ് പദ്ധതിക്കായി സര്‍വ്വെ നടത്തിയത്. സര്‍വ്വെയുടെ അടിസ്ഥാനത്തില്‍ കുറിച്യാട്, സുല്‍ത്താന്‍ ബത്തേരി, മുത്തങ്ങ, തോല്‍പ്പെട്ടി റെയിഞ്ചുകളില്‍ പെട്ട 14 കോളനികളിലെ താമസക്കാരെ പുനരധിവസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തിലുള്ള സബ്കമ്മിറ്റിയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. ജനറല്‍ വിഭാഗത്തിന് വ്യക്തിഗത അക്കൗണ്ടിലും പട്ടികവര്‍ഗവിഭാഗങ്ങള്‍ക്ക് ഗുണഭോക്താവിന് പുറമെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ എന്നിവരുള്‍പെടുന്ന ജോയിന്റ് അക്കൗണ്ടിലൂടെയുമാണ് തുക കൈമാറുക.
ഓരോ വീട്ടിലെയും 18 വയസ് കഴിഞ്ഞ പുരുഷന്മാര്‍, 18 വയസ് കഴിഞ്ഞ അവിവാഹിതകള്‍, ശരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍, വിധവകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവരെയാണ് യോഗ്യതാ കുടുംബങ്ങളായി കണക്കാക്കുന്നത്. കോളനികളില്‍ ഗോത്രവര്‍ഗവിഭാഗങ്ങളായ പണിയ, കുറുമ, ഊരാളിക്കുറുമ, കുറിച്യ, കാട്ടുനായ്ക്ക, അടിയാന്‍ വര്‍ഗങ്ങളും ജനറല്‍ വിഭാഗത്തില്‍ ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യന്‍, വയനാടന്‍ ചെട്ടി എന്നിവരും താമസിക്കുന്നുണ്ട്.
പുറംലോകത്തെ ജീവിത സൗകര്യങ്ങളില്ലാതെ ഒരു ജനവിഭാഗം ദുരിതത്തോട് മല്ലടിക്കുകയായിരുന്നു. ഉപജീവനത്തിനായി അത്യധ്വാനം ചെയ്യാന്‍ അവര്‍ തയ്യാറായെങ്കിലും വന്യമൃഗശല്യം മൂലം അവര്‍ക്ക് വിളകളൊന്നും ലഭിച്ചില്ല. പ്രാണഭയം മൂലം വീടിന് പുറത്ത് പോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു അവരുടെ പല ദിവസങ്ങളും. അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന മനുഷ്യ-വന്യജീവി സംഘര്‍ഷത്തില്‍ മരണപ്പെട്ടവരുടെ എണ്ണവും കൂടി. അനേക കോടികളുടെ കൃഷിനാശവും ഇവിടെയുണ്ടായി. പുറംലോകത്തെ തൊടാനാവാതെ നൂറ് കണക്കിന് കുട്ടികളുടെ പഠനം മുടങ്ങി. രണ്ടാം ലോകമഹായുദ്ധ കാലത്ത് ഗ്രോമോര്‍ ഫുഡ് പദ്ധതി പ്രകാരം കുടിയിരുത്തപ്പെട്ടവരുടെ പിന്‍മുറക്കാരായിരുന്നു വനാന്തര്‍ ഗ്രാമങ്ങളിലെ ഭൂരിഭാഗം താമസക്കാരും.
ഏക്കര്‍ കണക്കില്‍ ഭൂമി സ്വന്തം കൈവശത്തിലുള്ളവര്‍ക്ക് പോലും കുടുംബം പോറ്റാന്‍ പുറമെ കൂലിപ്പണിക്ക് പോവേണ്ട അവസ്ഥയായിരുന്നു. ഇടതുസര്‍ക്കാര്‍ സമര്‍പ്പിച്ച സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിക്ക് യു പി എ സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ആദ്യഘട്ടമെന്ന നിലയില്‍ അഞ്ചരക്കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഇടതുസര്‍ക്കാര്‍ ഭരണത്തില്‍ നിന്നിറങ്ങും വരെ ഒരാളെ പോലും പുറംലോകത്തെത്തിക്കാന്‍ സാധിച്ചില്ല. കേന്ദ്ര വനം മന്ത്രാലയത്തിന്റെ ഫണ്ട് ലഭ്യമാവുന്ന മുറക്ക് അവശേഷിക്കുന്ന താമസക്കാരെയും പുനരധിവസിപ്പിക്കുകയെന്നതാണ് യു ഡി എഫ് സര്‍ക്കാരിന്റെ ലക്ഷ്യം.

യു.ഡി.എഫിൻറെ നേട്ടങ്ങൾ

  Read more